വൈദ്യുതി പ്രതിസന്ധി: സര്‍ക്കാര്‍ തെറ്റുതിരുത്തും, പഴയ കരാര്‍ പുനഃസ്ഥാപിക്കും

0

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെ എടുത്ത തെറ്റായ തീരുമാനം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി യുഡിഎഫ് കാലത്തുണ്ടാക്കിയ കരാറുകള്‍ കെഎസ്ഇബി പുനഃസ്ഥാപിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 450 മെഗാവാട്ടിൻ്റെ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം തേടാതെ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് കരാര്‍ പുനഃസ്ഥാപിക്കുന്നതിന് തീരുമാനമായത്.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് 25 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. യൂണിറ്റിന് 4 രൂപ 29 പൈസക്കായിരുന്നു കരാര്‍. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം വാങ്ങുന്നത് യൂണിറ്റിന് ശരാശരി 9 രൂപയ്ക്കാണ്. ഇത് കെഎസ്ഇബിയെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കി. ഈ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിൻ്റെ നിലപാട് മാറ്റം.