ചൈനയ്ക്ക് വേണ്ട് പണം വാങ്ങി വാര്‍ത്ത; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ അറസ്റ്റില്‍

0

ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന ആരോപണമുള്ള ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിൻ്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായാസ്ത അറസ്റ്റിലായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. എച്ച് ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായിട്ടുണ്ട്.

പണം വാങ്ങി ചൈനയ്ക്കായി വര്‍ത്ത നല്‍കിയെന്നാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ആരോപണം. യുഎപിഎ ചുമത്തിയാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്. ഇന്ന് രാവിലെ മുതലാണ് ഡല്‍ഹിയില്‍ ചില മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് പലരുടേയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധനക്കായി എടുത്തിരുന്നു. ഇതില്‍ വിശദമായ പരിശോധന നടക്കുകയാണ്.

മുപ്പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. 2021 മുതല്‍ തന്നെ ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തി വരികയായിരുന്നു. രാജ്യത്ത് നടന്ന കലാപങ്ങളെ കുറിച്ചും വിവാദ സംഭവങ്ങളേയും കുറിച്ച് ചൈനയ്ക്ക് അനുകൂലമായും രാജ്യ വിരുദ്ധമായും ന്യൂസ് ക്ലിക്ക് പ്രവര്‍ത്തിച്ചു എന്നാണ് പ്രധാന ആരോപണം.