സഹകരണ ബാങ്കുകളിലെ കൊള്ളയ്‌ക്കെതിരായ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്ന്. ഉച്ചക്ക് ഒന്നരക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നാരംഭിക്കുന്ന പദയാത്ര തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപിക്കും.
കരുവന്നൂരില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇരകളായവരും ആത്മഹത്യ ചെയ്ത സഹകാരികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും പദയാത്രയെ അഭിവാദ്യം ചെയ്യും.
ബാങ്ക് കൊള്ളയില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തവരുടേയും പണം കിട്ടാതെ മരിച്ചവരുടേയും ചിത്രങ്ങളില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്നാണ് പദയാത്ര ആരംഭിക്കുക.
തുടര്‍ന്ന് ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, പാലയ്ക്കല്‍, കണിമംഗലം, കൂര്‍ക്കഞ്ചേരി, വഴി കുറുപ്പം റോഡിലൂടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യും.