മുൻ മന്ത്രിയും സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറിയും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ ഇന്ന് ഇ ഡിയുടെ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭ സാമാജികർക്കുള്ള പഠന ക്ലാസിൽ പങ്കെടുക്കാനുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിൽക്കുന്നത്.
രണ്ടാം വട്ട ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. ഹാജരാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ മൊയ്തീൻ പറഞ്ഞിരുന്നതും. എന്നാൽ ഇന്നലെ ഇഡി വ്യാപകമായി സഹകരണ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും പരിശോധനകൾ നടത്തിയിരുന്നു. അതിനാൽ കൂടുതൽ തെളിവുകൾ ഹാജരാക്കിയുള്ള ചോദ്യം ചെയ്യൽ നടക്കുമെന്ന ഭയം സിപിഎമ്മിനും മൊയ്തീനും ഉണ്ട്. ഇത് നേരിടുന്നത് മതിയായ മുന്നൊരുക്കം നടത്തി വേണം എന്ന നിയമോപദേശം എ സി മൊയ്തീന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതിനിടെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമവും മൊയ്തീൻ അടക്കമുള്ളവർ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. പ്രമുഖ അഭിഭാഷകരുമായി ചർച്ചകൾ നടക്കുന്നുണ്ട്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസാക്ഷി കെ എ ജിജോർ അടക്കമുള്ളവരുടെ മൊഴികളെല്ലാം മൊയ്തീന് എതിരാണ്. പ്രതിയായ സതീഷ് കുമാറുമായുള്ള ബന്ധവും വെളിപ്പെട്ടിരുന്നു. ഇതോടെ എ സി മൊയ്തീന് കുരുക്ക് മുറുകയാണ്.