നാമജപം നടത്തിയ ആയിരങ്ങളുടെ പേരില്‍ എടുത്ത കേസ് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിലപാട് തിരുത്തുക തന്നെ വേണമെന്നും എന്‍എസ്എസ്. മിത്ത് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപത്തില്‍ എടുത്ത കേസ് പിന്‍വലിക്കാന്‍ പൊലീസ് ആലോചിക്കുന്നതിനിടെയാണ് എന്‍എസ്എസ് നേതൃത്വം നിലപാട് കടുപ്പിച്ചത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സിപിഎമ്മും. അതിന്റെ ഭാഗമാണ് കേസ് പിന്‍വലിക്കാനുള്ള നീക്കം. അനുമതിയില്ലാതെ നാമജപ യാത്ര നടത്തിയെന്നാണ് നിലവില്‍ കേസ്. ഇതിപ്പോള്‍ ഹൈക്കോടതിയുടെ മുന്നിലാണ്. അതിനാല്‍ കേസ് പെട്ടെന്ന് പിന്‍വലിക്കാനാവില്ല. എന്നാല്‍ ഗൂഢലക്ഷ്യമുള്ള യാത്രയായിരുന്നില്ല എന്‍എസ്എസ് നടത്തിയതെന്ന വിശദീകരണം നല്‍കി കേസ് പിന്‍വലിക്കാനാണ് പൊലീസും സര്‍ക്കാരും ആലോചിക്കുന്നത്.
എന്നാല്‍ കേസ് തങ്ങള്‍ നേരിട്ടോളാമെന്നാണ് എന്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഷംസീര്‍ തിരുത്താതെ വിട്ടുവീഴ്ചയില്ലെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് നിര്‍ണായകമായിരിക്കെയാണ് വീണ്ടും മിത്ത് വിവാദം ഉയരുന്നത്.