HomeKeralaസംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്: ചെന്നിത്തല

സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്: ചെന്നിത്തല

സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയന്‍ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണം. ഏതു സർക്കാറും മാധ്യമ പ്രവർത്തകർക്ക് പരിരക്ഷ നൽകുകയാണ് വേണ്ടത്. മാധ്യമ പ്രവർത്തകർക്ക് ഇത്തരത്തിൽ പ്രതിഷേധ പ്രകടനവുമായി നിരത്തിലിറങ്ങേണ്ടി വന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണ്. സർക്കാറിന് ഹിതകരമല്ലാത്ത വാർത്തകളാണ് വരുന്നതെങ്കിൽ കേസെടുക്കുമെന്ന സ്ഥിതിയാണ്. ‘ഇനിയും കേസെടുക്കും’ എന്ന് ഉത്തരവാദപ്പെട്ട പാർട്ടി നേതാവ് വെല്ലുവിളിക്കുന്നു.

സെക്രട്ടേറിയറ്റിലേക്ക് സാധാരണക്കാർക്കും മാധ്യമ പ്രവർത്തകർക്കും പ്രവേശനം നിഷേധിച്ചു. അടച്ചിട്ട കോട്ട പോലെയാക്കി. സഭ ടിവി മാത്രം നിയമസഭയിൽ ചിത്രീകരണം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തടയുന്ന നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്‍റ് എം വി വിനീത അധ്യക്ഷയായി. ജനറൽ സെക്രട്ടറി കിരൺ ബാബു ആമുഖ പ്രഭാഷണം നടത്തി. മുൻ പ്രസിഡന്‍റ് കെ.പി. റെജി, എച്ച് എം എസ് അഖിലേന്ത്യാ കമ്മിറ്റി അംഗം സി.പി. ജോൺ, സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെ അജിത് കുമാർ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, ബി.എം.എസ് ജില്ല സെക്രട്ടറി കെ ജയകുമാർ, മുതിർന്ന മാധ്യമ പ്രവർത്തകരായ  എസ്. ജയശങ്കർ, എസ്. ബിജു എന്നിവർ സംസാരിച്ചു.

യൂനിയൻ ജില്ല പ്രസിഡന്‍റ് സാനു ജോർജ് സ്വാഗതവും സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ സംസ്ഥാനത്തുടനീളമുള്ള മാധ്യമ പ്രവർത്തകർ പങ്കെടുത്തു.

മാധ്യമ പ്രവര്‍ത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭ ചോദ്യോത്തരവേള ചിത്രീകരിക്കാന്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കുക, ബജറ്റില്‍ പ്രഖ്യാപിച്ച ആയിരം രൂപ പെന്‍ഷന്‍ വർധന പൂര്‍ണമായും നടപ്പാക്കുക, മാധ്യമ പ്രവര്‍ത്തക പെന്‍ഷന്‍ സെക്ഷന്‍ പുനഃസ്ഥാപിക്കുക, കരാര്‍ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റര്‍മാരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.

Most Popular

Recent Comments