പിണറായി വിജയനെ ഒഴിവാക്കി സിപിഎമ്മിൻ്റെ ദേശീയ നേതാക്കളെ കര്‍ണാടക മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചതില്‍ കേരള നേതാക്കള്‍ക്ക് കോപം.
പിണറായി വിജയന്‍ ഇല്ലാതെ ബിജെപിയെ എങ്ങനെ കോണ്‍ഗ്രസ് നേരിടുമെന്ന് കണ്ടറിയണം എന്ന നിലപാടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കോണ്‍ഗ്രസിന് ഒറ്റക്ക് ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് സിപിഎം കേരള ഘടകം പറയുന്നു. പിണറായിയെ ക്ഷണിക്കാത്തത് മര്യാദ കേടാണെന്ന് വിശ്വസ്തനായ എ കെ ബാലനും പറഞ്ഞു.
എന്നാല്‍ കര്‍ണാടകത്തില്‍ ഒറ്റക്ക് തന്നെയാണ് ബിജെപിയെ തോൽപ്പിച്ചതെന്ന് വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കേണ്ടതില്ലെന്നും ദേശീയ നേതാക്കളെ വിളിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
കര്‍ണാടക കോണ്‍ഗ്രസ് മന്ത്രിസഭ സത്യപ്രതിജഞക്ക് കോണ്‍ഗ്രസിനെതിരെ സംസ്ഥാനത്ത് പ്രചാരണം നടത്തിയവരെ ക്ഷണിക്കേണ്ടെന്ന നിലപാടാണ് എഐസിസിക്കുളളത്. ഇതിൻ്റെ ഭാഗമായാണ് സിപിഎം മുഖ്യമന്ത്രിയായ പിണറായി വിജയനെ ഒഴിവാക്കിയത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും ഒഴിവാക്കി. കോണ്‍ഗ്രസിനെതിരെ ജെഡിഎസുമായി ചേര്‍ന്നാണ് സിപിഎം മത്സരിച്ചിരുന്നത്.
എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.