HomeKeralaകൊലപാതക ശ്രമകേസ്സിലെ പ്രതി അറസ്റ്റിൽ

കൊലപാതക ശ്രമകേസ്സിലെ പ്രതി അറസ്റ്റിൽ

ആളൂർ ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി ആളൂർ മാനാട്ടുകുന്ന് മനക്കുളങ്ങര പറമ്പിൽ അജ്മലിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. റൂറൽ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി  സി ആർ സന്തോഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി ബി സിബിനാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ജനുവരി മുപ്പതിന് കൊമ്പിടിഞ്ഞാമാക്കൽ ചന്ദനക്കുടം നേർച്ചക്കിടെയായിരുന്നു കേസ്സിനാസ്പദമായ സംഭവം. ബൈക്കിൻ്റെ ആർ സി ബുക്ക് പണയം വച്ചത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തൊമ്മാന സ്വദേശിയായ യുവാവിനെ മൂന്നുപേരടങ്ങിയ സംഘം ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ ആക്രമിക്കുകയായിരുന്നു.

ചവിട്ടേറ്റ് താഴെ വീണ യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവശേഷം മുങ്ങിയ അജ്മൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ അന്നമനടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസ്സിൽ മറ്റു രണ്ടു പ്രതികളായ മാപ്രാണം സ്വദേശി സനീർഷാ, കല്ലേറ്റും കരസ്വദേശി അബ്ദുൾ ആഷിഖ് എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു.

Most Popular

Recent Comments