HomeKeralaജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂൾ തുറക്കും: മന്ത്രി ശിവൻകുട്ടി

ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂൾ തുറക്കും: മന്ത്രി ശിവൻകുട്ടി

ജൂൺ ആദ്യവാരത്തിൽ വാർഷിക പ്ലാൻ

ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂൾ തുറക്കുമെന്നും പുതിയ അധ്യായന വർഷത്തിൽ അക്കാദമിക നിലവാരം ഉയർത്തുന്നതിനാവശ്യമായ പദ്ധതികൾ ഓരോ സ്‌കൂളിന്റെയും സാഹചര്യമനുസരിച്ച് നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മച്ചാട് വിഎൻഎംഎം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ
ഹയർസെക്കൻഡറി ബ്ലോക്ക് , യുപി ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂൺ ആറിനകം സ്‌കൂൾ തല വാർഷിക പദ്ധതി തയ്യാറാക്കും. ഇതിന്റെ ഭാഗമായി കലാ മേളകൾ, കായിക മേളകൾ, ശാസ്ത്രമേളകൾ മുൻകൂട്ടി തീരുമാനിക്കും.
സ്‌കൂൾ കെട്ടിടങ്ങളുടെ മെയിന്റനൻസിനും പുതിയ കെട്ടിടങ്ങൾ പണിയുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും സ്‌കൂളുകളിൽ പി.ടി.എ യുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 സ്‌കൂളുകളിലെ കിണറുകളിലെ കുടിവെള്ളം പരിശോധിക്കാൻ വാട്ടർ അതോറിറ്റിയുടെ ലാബുകളെ പ്രയോജനപ്പെടുത്തും.  ശുചിത്വത്തിന് ഊന്നൽ നൽകുന്ന ഗ്രീൻ ക്യാമ്പസ്  ക്ലീൻ ക്യാമ്പസ് 2023  ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും, പരിസരവും വൃത്തിയാക്കണം. ഇഴ ജന്തുക്കൾ കടക്കാൻ സാധ്യതയുളള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

കുടിവെളള ടാങ്ക്, കിണറുകൾ, മറ്റുജല സ്രോതസുകൾ അണു വിമുക്തമാക്കും.    ഉച്ചഭക്ഷണ പദ്ധതിയും സ്‌കൂൾ നടത്തിപ്പും ബന്ധപ്പെട്ട് പി.ടി.എ പ്രസിഡന്റുമാരുടെ യോഗം മന്ത്രിമാരുടെയും എം.എൽ.എ. മാരുടെയും നേതൃത്വത്തിൽ ജില്ലാതലത്തിൽ വിളിച്ച് കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ സ്‌കൂൾ ക്യാമ്പസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജില്ലാതല സമിതിയും  വാർഡ് തല സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നും   എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ലിറ്റിൽ കൈറ്റ്‌സ് ആന്റി് നർക്കോട്ടിക് ക്ലബ് മറ്റ് ക്ലബുകൾ എന്നിവയുടെ പങ്കാളിത്തതോടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി ചെലവഴിച്ച് ഹയർസെക്കൻഡറി ബ്ലോക്കും കിഫ്ബിയിൽ നിന്ന് ഒരു കോടി ചെലവഴിച്ചാണ് യു പി ബ്ലോക്കും നിർമ്മിച്ചിരിക്കുന്നത്. 1019ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മൂന്ന് നില കെട്ടിടമായ ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. മികച്ച ക്ലാസ് മുറികൾ, പ്രിൻസിപ്പൽ കം ഓഫീസ് റൂം, സ്റ്റാഫ് റൂം, റെസ്റ്റ് റൂം, അനുബന്ധ ടോയ്‌ലെറ്റുകൾ, സെമിനാർ കം കോൺഫറൻസ് ഹാൾ, കെട്ടിടത്തിനു മുകളിൽ ട്രസ് മേൽക്കൂര സ്ഥാപിച്ച് പഠനേതര പ്രവർത്തനങ്ങൾക്കുള്ള സ്ഥലസൗകര്യം തുടങ്ങിയ സൗകര്യങ്ങളാണ് ഹയർസെക്കൻഡറി ബ്ലോക്ക് കെട്ടിടത്തിനുള്ളത്.

യുപി വിഭാഗത്തിനായി ഒരുക്കിയിട്ടുള്ള കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളും ഇരുവശങ്ങളിലുമായി ടോയ്‌ലെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷനായ ചടങ്ങിൽ രമ്യ ഹരിദാസ് എം പി മുഖ്യാതിഥിയും എ സി മൊയ്തീൻ എംഎൽഎ വിശിഷ്ടാതിഥിയുമായി. എൽ എസ് ജി ഡി തൃശ്ശൂർ ജില്ലാ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ കാഞ്ഞൂത്തറ റിപ്പോർട്ട് അവതരിപ്പിച്ചു.

Most Popular

Recent Comments