ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്, മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അനക്ക് എന്തിൻ്റെ കേടാ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പ്രകാശനം നിർവഹിച്ചത്.
ജയൻ വിസ്മയ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനത്തിനുശേഷം, മലയാള സിനിമാ ലോകത്തുള്ളവരടക്കം നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തത്.വിത്യസ്തമായ ഡിസൈനിങും പോസ്റ്ററിനെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. നൗഫൽ അബ്ദുല്ലയാണ് എഡിറ്റർ. പണ്ഡിറ്റ് രമേശ് നാരായൻ സംഗീത സംവിധാനം നിർവഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ ദീപാങ്കുരൻ കൈതപ്രമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.