HomeKeralaജനകടലായി തൃശൂര്‍, പൂരങ്ങളുടെ പൂരം തുടങ്ങി

ജനകടലായി തൃശൂര്‍, പൂരങ്ങളുടെ പൂരം തുടങ്ങി

ജനഹൃദയങ്ങളില്‍ ആവേശക്കടലാകുന്ന പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ആരംഭിച്ചു. ഇന്നലെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ വടക്കുംനാഥന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്നതോടെയാണ് ഇക്കൊല്ലത്തെ പൂരത്തിന് തുടക്കമായത്. ഈ ചടങ്ങിന് എത്തിയ ജനസഞ്ജയം എല്ലാവരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

ഇന്ന് രാവിലെ മുതല്‍ തേക്കിന്‍കാട് മൈതാനിയിലേക്കും തൃശൂര്‍ നഗരത്തിലേക്കും ജനപ്രവാഹമാണ്. ഘടക പൂരങ്ങളില്‍ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാടിനൊപ്പവും ജനസാഗരമാണ്. ഇനി എല്ലാവരും കാത്തിരിക്കുന്നത് നടുവില്‍ മഠത്തിലെ മഠത്തില്‍ വരവ് പഞ്ചവാദ്യമാണ്.

പാറമേക്കാവിന്റെ എഴുന്നള്ളത്ത് 12.15ന് തുടങ്ങും. ചെമ്പട കൊട്ടി ജനമനസ്സുകളെ ആകര്‍ഷിച്ച ശേഷമാണ് വടക്കും നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമര ചുവട്ടിലെ ഇലഞ്ഞിത്തറ മേളം. ഉച്ചക്ക രണ്ടിന് നടക്കുന്ന ഈ മേളം ആസ്വദിക്കാന്‍ മാത്രമായി എത്തുന്ന നൂറുകണക്കിന് പേരുണ്ട്. വൈകീട്ട് അഞ്ചുമണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. പിന്നീടാണ് ലോകപ്രശസ്തമായ കുടമാറ്റം.

രാത്രി ചടങ്ങുകള്‍ ആവര്‍ത്തിക്കും. പുലര്‍ച്ചെ മൂന്നിന് ശേഷം വര്‍ണാഭവും ശബ്ദമുഖരിതവുമായ വെടിക്കെട്ട് നടക്കും. ഇതോടെ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ക്ക് സമാപനമാവും.

തിങ്കളാഴ്ചയാണ് നാട്ടുകാരുടെ പൂരം. ഉച്ചക്ക് പാറമേക്കാവ്-തിരുവമ്പാടി ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇക്കൊല്ലത്തെ പൂരത്തിന് സമാപനമാവും.

Most Popular

Recent Comments