തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കടുവകളെ കൊണ്ടുവരുന്നതിന് മുന്നോടിയായി പാര്‍ക്കിലെ മണ്ണില്‍ പ്രത്യേക പരിശോധന നടത്തി. മണ്ണിനടയില്‍ ഉണ്ടാവാനിടയുള്ള ആണികളും മറ്റ് ഇരുമ്പിന്‍ കഷ്ണങ്ങളും കണ്ടെത്തി നീക്കം ചെയ്യുന്നതിനു വേണ്ടിയുള്ള പരിശോധനയ്ക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.
ഇതിന്റെ ആദ്യപടിയായി, നെയ്യാറില്‍ നിന്ന് രണ്ടു കടുവകളെ കൊണ്ടുവന്നു പാര്‍പ്പിക്കുന്ന ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെ മണ്ണില്‍ വിദഗ്ധ സംഘം പരിശോധന പൂര്‍ത്തിയാക്കി. ഇവിടെ മണ്ണിനടയില്‍ നിന്ന് ഒട്ടേറെ ആണികളും കമ്പിക്കഷണങ്ങളും സംഘം കണ്ടെത്തി നീക്കം ചെയ്തതായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയരക്ടര്‍ ആര്‍ കീര്‍ത്തി പറഞ്ഞു. നിര്‍മാണ പ്രവൃത്തി നടന്ന സ്ഥലമായതിനാല്‍ ഒട്ടേറെ കമ്പിക്കഷണങ്ങളും മറ്റ് പാഴ് വസ്തുക്കളും മണ്ണില്‍ പുതഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
തൃശൂര്‍ പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ബോംബ് സ്‌ക്വാഡ് വിദഗ്ധരും പാര്‍ക്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് ശക്തിയേറിയ മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെയാണ് മണ്ണില്‍ പുതഞ്ഞു കിടന്നുതുള്‍പ്പെടെയുള്ള ഇരുമ്പുകഷണങ്ങള്‍ കണ്ടെത്തി നീക്കം ചെയ്തത്. ഐസൊലേഷന്‍ കേന്ദ്രത്തിലെ മുഴുവന്‍ പ്രദേശവും സംഘം അപകടരഹിതമാക്കി. പലയിടങ്ങളിലും മണ്ണ് കിളച്ചാണ് ഇവ എടുത്തുമാറ്റിയത്.
പൂച്ചകളെ പോലെ മണ്ണില്‍ കൈകള്‍ കൊണ്ട് മാന്തി കുഴിയുണ്ടാക്കുന്ന സ്വഭാവമുള്ള മൃഗമെന്ന നിലയില്‍ കടുവയുടെ കൈകളില്‍ കമ്പി പോലുള്ള വസ്തുക്കള്‍ കൊണ്ട് മുറിവേല്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി. വരുംദിനങ്ങളില്‍ മൃഗങ്ങളെ താമസിപ്പിക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും ഇതേപോലെ പരിശോധന നടത്തി മൃഗങ്ങള്‍ക്ക് ഹാനികരമാവാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കം ചെയ്യുമെന്ന് ഡയരക്ടര്‍ പറഞ്ഞു.