HomeKeralaആ ചിരി ഇനിയില്ല, ഇന്നസെൻ്റ് അന്തരിച്ചു

ആ ചിരി ഇനിയില്ല, ഇന്നസെൻ്റ് അന്തരിച്ചു

മലയാളികളെ കുടുകുടു ചിരിപ്പിക്കാൻ ഇന്നസെൻ്റ് ഇനിയില്ല. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ഇന്ന് രാത്രി 10.30ന് ഇന്നസെൻ്റ് മരണമടഞ്ഞു. മന്ത്രി പി രാജീവാണ് മരണ വിവരം അറിയിച്ചത്. 75 വയസ്സായിരുന്നു. സംസ്ക്കാരം ചൊവാഴ്ച രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.

ശ്വാസ കോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണകാരണം. ഈ മാസം ആരംഭം മുതൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ നില കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

750 ഓളം സിനിമകളിൽ അഭിനയിച്ച ഇന്നസെൻ്റ് 1972ൽ നൃത്തശാല എന്ന സിനിമയിലൂടെയാണ് അഭിനേതാവാകുന്നത്. പിന്നീട് അരനൂറ്റാണ്ടു കാലം ചലച്ചിത്രാസ്വാദകരുടെ ഹൃദയം നിറച്ച് നമ്മോടൊപ്പം ഇന്നസെന്റുണ്ടായി. സിനിമയിലെന്നപോലെ നേർജീവിതത്തിലും സൂക്ഷിച്ച നർമ്മമായിരുന്നു ഇന്നസെന്റിന്റെ വ്യതിരിക്തത.

നിർമ്മാതാവായി സിനിമയിൽ രംഗപ്രവേശം ചെയ്ത് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി വരെ അദ്ദേഹം വഹിച്ചു. ഹാസ്യനടനും സ്വഭാവനടനുമായി മുഖ്യശ്രദ്ധയിലേക്ക് ഉയർന്നപ്പോഴും സവിശേഷമായ ശരീരഭാഷയും നർമ്മോക്തി കലർന്ന അംഗവിക്ഷേപങ്ങളും ഗ്രാമ്യഭാഷയിലുള്ള സംഭാഷണങ്ങളും സ്വതസിദ്ധതയോടെ ഇന്നസെന്റ് നിലനിർത്തി.

കുഞ്ഞുങ്ങൾ തൊട്ട് പ്രായമായവരുടെ വരെ ഇഷ്ടഭാജനമായിരുന്നു ഇന്നസെന്റ്. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്, 2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി ഇന്നസെന്റിന് അംഗീകാരങ്ങളുടെ നിറവേകാൻ നമുക്ക് സാധിച്ചു. രാഷ്ട്രീയപ്രവർത്തകനായും ചാലക്കുടിയിൽ നിന്നുള്ള എംപിയായും ഇതിനിടയിൽ പ്രവർത്തിച്ചു.

കാൻസർ എന്ന രോഗത്തോട് പടവെട്ടി ജീവിതത്തിലേക്ക് മടങ്ങിവന്ന അദ്ദേഹം നിരവധി പേർക്ക് മാതൃകയായി. കാൻസർ വാർഡിലെ ചിരി എന്ന എന്ന അദ്ദേഹത്തിൻ്റെ കാൻസർ കാലത്തെ ഓർമകൾ ഉൾപ്പെടുത്തിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Most Popular

Recent Comments