HomeIndiaരാഷ്ട്രപതി കേരളത്തില്‍, ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചു

രാഷ്ട്രപതി കേരളത്തില്‍, ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളര്‍ സമ്മാനിച്ചു

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മള വരവേല്‍പ്പ്. രാഷ്ട്രപതി ആയ ശേഷം ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ രാഷ്ട്രപതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി വി പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിനറല്‍ അജയ് ഡി തിയോഫിലസ്, കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് തുടങ്ങിയവരും രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് നേരെ ഐഎന്‍എസ് വിക്രാന്തിലേക്കാണ് പോയത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. തുടര്‍ന്നാണ് നാവിക പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയിലേക്ക് പോയത്. രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ പ്രസിഡന്റ്‌സ് കളര്‍ (പ്രത്യേക നാവിക പതാക) ദ്രൗപദി മുര്‍മു കേന്ദ്രത്തിന് സമ്മാനിച്ചു.

തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോയ രാഷ്ട്രപതിക്ക് ഹയാത്ത് റീജന്‍സിയിലാണ് താമസം ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ കൊല്ലത്ത് മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തി കുടുംബശ്രീ രജത ജൂബിലി ആഘോഷം ഉദിഘാടനം ചെയ്യും. രാത്രി ഗവര്‍ണറുടെ അത്താഴ വിരുന്ന് ഉണ്ടാകും.
18ന് രാവിലെ കന്യാകുമാരി സന്ദര്‍ശിച്ച ശേഷം മടങ്ങി വന്ന് ലക്ഷദ്വീപിലേക്ക് പോകും. പിന്നീട് കൊച്ചിയില്‍ എത്തുന്ന രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.

Most Popular

Recent Comments