സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ സുരേന്ദ്രൻ

0

രാജ്യത്തിൻ്റെ ഭരണഘടനയേയും അതിൻ്റെ ശിൽപ്പികളെയും അപമാനിച്ച സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണ്. ധാർമ്മികമായും നിയമപരമായും എംഎൽഎ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അർഹതയില്ല.

ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് രാജ്യത്തിൻ്റെ ഭരണഘടനയേയും ദേശീയബിംബങ്ങളെയും അവഹേളിക്കുന്നത് കുറ്റകൃത്യമാണ്. അദ്ദേഹത്തിൻ്റെ പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികളുണ്ടായിട്ടും പൊലീസ് കേസെടുത്തിട്ടില്ല. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. സജി ചെറിയാനെതിരെ ഉടൻ പൊലീസ് കേസെടുക്കണം. രാജിക്ക് തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി ബിജെപി മുന്നോട്ട് പോവും.

സ്വതന്ത്ര തീരുമാനപ്രകാരമാണ് രാജിയെന്നാണ് സജി ചെറിയാൻ പറയുന്നത്. ഇത്രയും ഗുരുതരമായ തെറ്റ് ചെയ്തിട്ടും പാർട്ടി രാജിവെക്കാൻ ആവശ്യപ്പെടാത്തത് നിയമവിരുദ്ധമാണ്. രാജ്യത്തോട് കൂറില്ലാത്തവരാണ് സിപിഎമ്മെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൂറ് ചൈനയോടാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.