യു.ജി.സി മാനദണ്ഡങ്ങള് മറികടന്നുമുള്ള വൈസ് ചാന്സലര് നിയമനങ്ങളില് ജുഡിഷ്യല് അന്വേഷണം നടത്തണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര് വി.സിയുടെ പുനര്നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടികാട്ടിയതാണ്. സര്ക്കാരിന്റെ നിര്ദ്ദേശം അംഗീകരിച്ച ഗവര്ണറുടെ നടപടിയും നിയമ വിരുദ്ധമാണ്. ഗവര്ണര് ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില് സന്തോഷമുണ്ട്. കാലടി വി.സി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്കിയ സെര്ച്ച് കമ്മിറ്റി നടപടി പൂര്ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്ണര് സമ്മതിച്ചുവെങ്കില് അതിനും ന്യായീകരണമില്ല.
ഗവര്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. ഈ തര്ക്കങ്ങള് ഒത്തുതീര്പ്പാക്കാന് ഡല്ഹിയില് പ്രത്യേകം ആളുകളുണ്ട്. നേരത്തെയും ഇത്തരം ഒത്തുതീര്പ്പുകള് ഉണ്ടായിട്ടുണ്ട്. എന്നാല് സര്വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള് കവര്ന്നെടുക്കുന്നതും പിന്വാതില് നിയമനങ്ങള് നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.