സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഒമിക്രോണ്‍ സ്ഥിരീകരണം. ബ്രിട്ടനില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്ന് അബുദാബി വഴിയാണ് ഇദ്ദേഹം സംസ്ഥാനത്ത് എത്തിയത്. ആറാം തിയതി എത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നു. എന്നാല്‍ സംശയം തോന്നി വീണ്ടും പരിശോധന നടത്തുകയായിരുന്നു.
തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡല്‍ഹിയിലും സാംപിള്‍ പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവരുടെ സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.
ഇദ്ദേഹത്തിനൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.