ഇനി മോഹന ഒറ്റക്കാണ്. ലോകത്തെ കാണാന്‍ പഠിപ്പിച്ച ഭര്‍ത്താവ് വിജയന്‍ കൂടെയില്ലാതെയായി.
കൊച്ചി കടവന്ത്രക്കടത്ത് ഗാന്ധിനഗറില്‍ ചായക്കട നടത്തിയിരുന്ന കെ ആര്‍ വിജയന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.
ചായക്കട നടത്തി ലോക സഞ്ചാരം നടത്തിയ ദമ്പതികള്‍ എന്ന പേരില്‍ ലോകപ്രശസ്തരായിരുന്നു വിജയനും മോഹനയും. റഷ്യന്‍ സഞ്ചാരം കഴിഞ്ഞ് തിരിച്ചെത്തി അധികം കഴിയും മുന്‍പാണ് മരണം വിജയനെ കീഴ്‌പ്പെടുത്തിയത്.
ശ്രീ ബാലാജി കോഫി ഹൗസ് എന്ന ചെറിയ ചായക്കടയിലെ വരുമാനത്തില്‍ നിന്ന് ദിനവും 300 രൂപ മാറ്റിവെച്ചാണ് ലോക യാത്ര നടത്തിയിരുന്നത്.16 വര്‍ഷം കൊണ്ട് 26 രാജ്യങ്ങളാണ് വിജയനും മോഹനയും സന്ദര്‍ശിച്ചത്.