പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനം ബിജെപി പ്രവർത്തകർ സംസ്ഥാനത്ത് വിപുലമായി ആഘോഷിച്ചു. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിൽ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി നടക്കുന്ന വിവിധ സേവന- സമ്പർക്ക പരിപാടികൾക്കാണ് പാർട്ടി സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ചത്.
വെള്ളിയാഴ്ച രാവിലെ 10,000ത്തോളം ആരാധനാലയങ്ങളിൽ പ്രധാനമന്ത്രിയുടെ ആയുർ-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാർത്ഥനകളും നടന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കാസർഗോഡ് മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, എം ടി രമേശ്, പി.സുധീർ, ജോർജ് കുര്യൻ എന്നിവർ ശബരിമല, ഗുരുവായൂർ, കൊട്ടാരക്കര ഗണപതി ക്ഷേത്രം,കുറുവിലങ്ങാട് മർത്ത മറിയം പള്ളി എന്നിവിടങ്ങളിൽ ദർശനം നടത്തി.
മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും പി കെ കൃഷ്ണദാസ് ആറ്റുകാൽ ക്ഷേത്രത്തിലും ദർശനം നടത്തി. ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പട്ടികജാതി കോളനികൾ, പിന്നാക്ക ചേരിപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തകർ വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി.
യുവമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതവും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്ന മൂന്ന് ദിവസം നീളുന്ന പ്രദർശിനികൾ പൊതുജനങ്ങൾക്കായി ആരംഭിച്ചു. കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷകരെയും സൈനികരെയും ആദരിക്കുകയും തിരുവനന്തപുരത്ത് പശുക്കിടാക്കളെ കർഷകർക്ക് വിതരണം ചെയ്യുകയും ചെയ്തു.
മഹിളാമോർച്ചയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികളെ കേന്ദ്രസർക്കാർ പദ്ധതിയായ സുകന്യസമൃദ്ധി യോജനയിൽ അംഗങ്ങളാക്കി. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന പദ്ധതി(പിഎംബിജെപി) പ്രകാരമുള്ള ഒരു രൂപയുടെ സാനിട്ടറി നാപ്കിൻ മഹിളാപ്രവർത്തകർ വിതരണം ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങിയ നിരവധി ചലച്ചിത്രതാരങ്ങൾ നവമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്ക് ആശംസകൾ അർപ്പിച്ചു.