കൊച്ചി കോര്‍പ്പറേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിര്‍ണയ ക്യാമ്പ് ആരംഭിച്ചു. പത്ത് ദിവസങ്ങളിലായി കോര്‍പ്പറേഷനിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം ഫോര്‍ട്ട് കൊച്ചി കമ്മ്യൂണിറ്റി ഹാളില്‍ മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവര്‍ക്കുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിലും കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മേയര്‍ പറഞ്ഞു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി കെ അഷറഫ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ മുഖ്യാതിഥിയായി.
ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) ഡോ. നിമ്മി ജോസഫ് , ഡോ. സിന്ധു വിജയകുമാര്‍ തുടങ്ങിയ വിദഗ്ധരാണ് ഭിന്നശേഷി നിര്‍ണയത്തിന് നേതൃത്വം നല്‍കുന്നത്. നിപ്മര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, കോര്‍പ്പറേഷന്‍ സ്റ്റാണ്ടിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ പി.ആര്‍. റെനീഷ്, സുനിത ഡിക്‌സണ്‍, ജെ. സനില്‍മോന്‍, അഡ്വ. പ്രിയ പ്രശാന്ത്, ഷീബ ലാല്‍, സി ഡി പി ഒ ഖദീജാമ്മ പി.കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സെപ്തംബര്‍ 16-ന് മട്ടാഞ്ചേരി കെ.എം. മുഹമ്മദ് മെമ്മോറിയല്‍ ഹാള്‍, 22-ന് ഫോര്‍ട്ട്കൊച്ചി വെളിയിലെ പള്ളത്ത് രാമന്‍ മെമ്മോറിയല്‍ ഹാള്‍, 23-ന് തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, 28-ന് എറണാകുളം ടൗണ്‍ഹാള്‍, 29-ന് ഇടക്കൊച്ചി സെന്റ് മേരീസ് സ്‌കൂള്‍, ഒക്ടോബര്‍ 4-ന് പള്ളുരുത്തി ഇ.കെ. നാരായണന്‍ സ്‌ക്വയര്‍, 5-ന് പച്ചാളം പി.ജെ. ആന്റണി ഹാള്‍, 11-ന് ഗാന്ധിനഗര്‍ ലയണ്‍സ് ക്ലബ് ഹാള്‍, 12-ന് അഞ്ചുമന ദേവി ടെമ്പിള്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടക്കുക.