നരേന്ദ്ര മോദിക്ക് ആദരവായി സേവാസമർപ്പൺ അഭിയാൻ

0

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ നരേന്ദ്രമോദിജി സംസ്ഥാന മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ ചുമതലകളിൽ ഇരുപത് വർഷം പൂർത്തിയാകുന്ന ഒക്ടോബർ 7വരെയുള്ള ഇരുപത് ദിവസങ്ങൾ സേവാസമർപ്പൺ അഭിയാനെന്ന പേരിൽ രാജ്യവ്യാപകമായി യുവമോർച്ച സന്നദ്ധ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ്.മോദിജിയുടെ ജന്മദിനമായ സപ്റ്റംബർ 17 മുതൽ 19 വരെ മുഴുവൻ ജില്ലകളിലും നവഭാരത് മേള എന്ന പേരിൽ പ്രധാനമന്ത്രിയുടെ ജീവിതവും, കേന്ദ്ര സർക്കാറിൻ്റെ ജനോപകാര പദ്ധതികളും ഉൾപ്പെടുത്തിയ വിപുലമായ എക്സിബിഷനുകൾ യുവമോർച്ച സംഘടിപ്പിക്കും.

പരിപാടികളുടെ ഭാഗമായി സപ്റ്റംബർ 25 മുതൽ ഒക്റ്റോബർ 5 വരെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും രക്തദാന ക്യാമ്പുകളും നടത്തും. ക്വിസ് മത്സരങ്ങൾ, കോളനികൾ കേന്ദ്രീകരിച്ചുള്ള സേവന പ്രവർത്തനങ്ങൾ, സ്വാതന്ത്രത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അമൃത മഹോത്സവമായി ആചരിക്കുന്നതിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായ കേരളത്തിലെ പ്രധാനപ്പെട്ട 71 കേന്ദ്രങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കും.

ഒക്റ്റോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന വ്യാപകമായി സ്വഛ് ഭാരത് പരിപാടികൾക്കും യുവമോർച്ച നേതൃത്വം നൽകുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ തിരുവനന്തപുരത്ത് അറിയിച്ചു. ജില്ലാ അധ്യക്ഷൻ ആർ സജിത്ത്, സംസ്ഥാന ഐടി സെൽ കൺവീനർ അഭിലാഷ് അയോദ്ധ്യ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.