കണ്ണൂർ സർവകലാശാല സിലബസ്സ് വിവാദം -സർക്കാർ മതതീവ്രവാദികൾക്ക് മുന്നിൽ മുട്ടുമടക്കരുത് -യുവമോർച്ച

0
കണ്ണൂർ സർവകലാശാലയിലെ സിലബസ്സുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന വിവാദങ്ങൾ ന്യൂനപക്ഷ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണ്. സർക്കാർ മത തീവ്രവാദ സംഘടനകൾക്ക് മുന്നിൽ മുട്ടുമടക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ ആരോപിച്ചു.
വളച്ചൊടിച്ച നെഹ്റു കുടുംബ ചരിത്രവും കമ്മ്യൂണിസവും മാത്രമേ കേരള സിലബസിൽ പഠിപ്പിക്കാവൂ എന്ന രീതി മാറണം. ദേശീയ നേതാക്കന്മാരും ഭാരതീയ പൈതൃകവും എല്ലാം പാഠ്യവിഷയങ്ങളാകണം. വിദ്യാഭ്യാസ രംഗത്തെ മുസ്ലീം, കമ്യൂണിസ്റ്റ് വൽക്കരണ ശ്രമങ്ങളുടെ തുടർച്ചയാണ് സിലബസ്സ് വിവാദം. ഭാരതം മുഴുവൻ പഠന വിഷയമാക്കുന്ന ഏകാത്മ മാനവദർശനവും, വീര സവർക്കറും, മാധവ സദാശിവ ഗോൾവാൽക്കറും കേരളത്തിൽ പറ്റില്ലെന്ന് പറയുന്ന നിലപാട് അപലപനീയമാണ്.
സ്വന്തം സ്ഥാപിത താൽപ്പര്യങ്ങൾ മാത്രം പഠിപ്പിക്കുന്ന ഈജിയൻ തൊഴുത്തായി കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗം മാറിയത് കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ പിറകിലായത് എന്നും പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. യൂത്ത്കോൺഗ്രസ്, കെ എസ് യു നിലപാടുകൾ മതതീവ്രവാദികൾക്ക് ചൂട്ടു പിടിക്കുന്നതാണ്. ന്യുനപക്ഷ വോട്ടുകൾക്ക് വേണ്ടി സ്വന്തം പാരമ്പര്യത്തെപ്പോലും തള്ളിപ്പറയുന്ന നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി