ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു അകിര കുറൊസാവ. 1943 മുതൽ 1993 വരെയുള്ള അൻപതു നീണ്ടവർഷങ്ങളിൽ മുപ്പതോളം ലോകശ്രദ്ധയാകര്‍ഷിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോക സിനിമയിലെ ഹോമര്‍ എന്ന പേരിലും കുറൊസോവ അറിയപ്പെടുന്നു. ലോകമഹായുദ്ധാനന്തരം ഇറങ്ങിയ കുറൊസാവ ചിത്രങ്ങള്‍ പഴയ ജപ്പാന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നതായിരുന്നു.
1910 മാർച്ച് 23 ന് ജനിച്ച അദ്ദേഹത്തിൻ്റെ മരണം 88 -ാം വയസ്സിൽ 1998 സെപ്റ്റംബർ 6 നായിരുന്നു.
ഒരു ചിത്രകാരൻ എന്ന വിജയകരമല്ലാത്ത തുടക്കത്തിന് ശേഷം 1936 ലാണ് കുറൊസാവ ജപ്പാനിലെ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ആദ്യകാലത്ത് സഹ സംവിധായകനായും തിരക്കഥാകൃത്തായും നിരവധി സിനിമകളിൽ ജോലിചെയ്ത അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത് ജനപ്രിയ ചിത്രമായ സാന്ഷിരോ സുഗാതയിലൂടെയാണ് (Sanshiro Sugata) സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. യുദ്ധാനന്തരം, അക്കാലത്ത് പുതുമുഖമായിരുന്ന ടോഷിരോ മിഫുൻ എന്ന നടനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത കുടിയൻ മാലാഖ (Drunken Angel) എന്ന നിരൂപണ പ്രശംസ നേടിയ ചിത്രം അദ്ദേഹത്തിന് ജപ്പാനിലെ ശ്രദ്ദേയനായ യുവ സംവിധായകരിൽ ഒരാൾ എന്ന പേര് നേടിക്കൊടുത്തു.
ടോഷിരോ മിഫുൻ തന്നെ അഭിനയിച്ച് 1950ൽ ടോകിയോവിൽ പ്രദർശിപ്പിച്ച റാഷോമോൻ (Rashomon) എന്ന സിനിമ അപ്രതീക്ഷിതമായി 1951ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ സുവർണ സിംഹ പുരസ്കാരം സ്വന്തമാക്കുകയും തുടർന്ന് യൂറോപ്പിലും വടക്കേ അമേരിക്കയിലും പുറത്തിറക്കുകയും ചെയ്തു. നിരൂപക ശ്രദ്ധ നേടിയതിനൊപ്പം തന്നെ സാമ്പത്തികമായും വിജയമായ ഈ സിനിമ പാശ്ചാത്യ ചലച്ചിത്ര വിപണിയിയുടെ വാതിലുകൾ ജപ്പാനീസ് സിനിമക്ക് തുറന്നു കൊടുക്കുകയും കെൻചി മിഷോഗൂച്ചി (Kenji Mizoguchi) യാസൂജിരൊ ഒസു ( Yasujiro Ozu) തുടങ്ങിയവർക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടികൊടുക്കുകയും ചെയ്തു.
1950 കളിലും 1960 കളിലെ തുടക്കത്തിലും ഏതാണ്ടെല്ലാ വർഷത്തിലും കുറൊസാവ സിനിമ ചെയ്തു. ക്ലാസിക് സിനിമകളായി പരക്കെ അംഗീകരിക്കപ്പെട്ട ഇകിരു (1952), ഏഴു സാമുറായികൾ (1954), യോജിമ്പോ (1961) തുടങ്ങിയവ ഈ കാലത്ത് നിർമ്മിക്കപ്പെട്ട കുറൊസാവ സിനിമകളാണ്. 1960കളുടെ പകുതിക്ക് ശേഷം ഒരുപാട് മങ്ങിപ്പോയെങ്കിലും സിനിമാ ജീവിതത്തിൻ്റെ അവസാന കാലങ്ങളിൽ, പ്രത്യേകിച്ചും കഗേമുഷാ (Kagemusha-1980), റാൻ(Ran-1985) എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന് വീണ്ടും അംഗീകാരങ്ങൾ നേടികൊടുത്തു.
സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന് ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. മരണാനന്തരം, അമേരിക്കയിലെ ഏഷ്യൻ വീക്ക് മാസികയും സി.എൻ.എന്നും “കല, സാഹിത്യം, സംസ്കാരം” വിഭാഗത്തിലെ “നൂറ്റാണ്ടിൻ്റെ ഏഷ്യക്കാരനായി” തിരെഞ്ഞെടുക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ ഏഷ്യയുടെ പുരോഗതിക്കായി ഏറ്റവും കൂടുതൽ സംഭാവന നൽകിയ അഞ്ചുപേരിൽ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തു.
അകിര കുറസോവയുടെ മാസ്റ്റർ പീസുകൾ
1. Rashohmon (1950)
2. Ikiru (1952)
3. Seven Samurai (1954)
4. I Live in Fear (1955)
5. Throne of Blood (1957)
6. The Hidden Fortress (1958)
7. The Bad Sleep Well (1960)
8. Yojimbo (1961)
9. Sanjuro (1962)
10. High and Low (1963)
11. Red Beard (1965)
12. Dersu Uzala (1975)
13. Kagemusha (1980)
14. Ran (1985)
15. Dreams (1990)