രാജ്യത്തിനകത്തെ യാത്രകള്‍ക്കുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇളവനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് യാത്രക്കാരെ വലക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
രണ്ട് വാക്‌സിന്‍ എടുത്ത് 15 ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്ക് രോഗ ലക്ഷണം ഇല്ലെങ്കില്‍ ആഭ്യന്തര യാത്ര നടത്താം. ഇവര്‍ക്ക് ആര്‍ടിപിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കരുത്.
കേരളത്തില്‍ കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിരുന്നു മറ്റ് സംസ്ഥാനങ്ങള്‍. പുതിയ കേന്ദ്ര നിര്‍ദേശം മലയാളികള്‍ക്ക് ഏറെ ആശ്വാസമാണ്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ യാത്രക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
ആഭ്യന്തര വിമാന യാത്രികര്‍ക്ക് ഇനിമുതല്‍ പിപഇ കിറ്റ് ആവശ്യമില്ല. കൂടാതെ ആഭ്യന്തര യാത്രകള്‍ക്ക് സംസ്ഥാനങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.