HomeKeralaകുന്നംകുളം നഗരസഭ മൂന്നാം വാർഡ് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ശുചിത്വ വാർഡ്

കുന്നംകുളം നഗരസഭ മൂന്നാം വാർഡ് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ശുചിത്വ വാർഡ്

നല്ല വീട് നല്ല നഗരം പദ്ധതിയുടെ ആദ്യഘട്ടമായി മാതൃകാ പ്രവർത്തനങ്ങൾ ഏറ്റെടുത്ത പൈലറ്റ് വാർഡായ വാർഡ് 3 കിഴൂർ നോർത്തിനെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഖരമാലിന്യ ശുചിത്വ വാർഡായി  എ സി മൊയ്തീൻ എം എൽ എ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിൽ കുന്നംകുളം തിരുത്തിക്കാട് ഭാരത് മാതാ സ്കൂളിൽ ചേർന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ഗാനരചയിതാവ് ബി ടി ഹരിനാരായണൻ തയ്യാറാക്കിയ നല്ലവീട് നല്ലനഗരം പദ്ധതിയുടെ സംഗീത ആൽബം മുൻ മന്ത്രി ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു. വാർഡിലെ ആകെയുള്ള 410 വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിനായി ബയോ കമ്പോസ്റ്റർ ബിന്നുകളും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കർമ്മസേനാ അംഗത്വവും ഉറപ്പുവരുത്തിയായിരുന്നു വാർഡ് സമ്പൂർണ ശുചിത്വ പദവി നേടിയത്.

ഇതിൻ്റെ മുഴുവൻ വീടുകളും ബയോകമ്പോസ്റ്റർ ബിന്നുകൾ വാങ്ങി സ്ഥാപിച്ചു. ഹരിതകർമ്മ സേനയിൽ ഓരോ വീട്ടുകാരും ചേർന്നതിന് രജിസ്ട്രേഷൻ ഫോമുകളും പൂരിപ്പിച്ച് നൽകി. ആദ്യഘട്ടമായി അജൈവമാലിന്യം എല്ലാ വീടുകളിൽ നിന്നും ഹരിതകർമ്മ സേന ശേഖരിച്ചു. വാർഡ് കൗൺസിലർ കൂടിയായ നഗരസഭാ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ്റെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം ജൂലൈ 15 ന് ആരംഭിച്ച പ്രവർത്തനങ്ങൾ 30 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുകയായിരുന്നു.

നഗരസഭ നടപ്പിലാക്കി വരുന്ന സമ്പൂർണ ശുചിത്വ പരിപാടി വിജയമാക്കി തീർക്കാനും, അതുവഴി മാലിന്യ മുക്ത കുന്നംകുളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കുന്നംകുളത്തെ മുഴുവൻ ജനതയും നല്ല വീട് നല്ല നഗരം പദ്ധതിയിൽ പങ്കാളികളാകണമെന്ന്  എ സി മൊയ്തീൻ എംഎൽഎ അഭ്യർത്ഥിച്ചു.  നഗരത്തെ മാലിന്യ മുക്തമാക്കാനും സമ്പൂർണ ശുചിത്വത്തിലേക്കെത്തിക്കാനും നടത്തുന്ന പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ശുചിത്വ ഗാനം ചിട്ടപ്പെടുത്തിയ ബി ടി ഹരിനാരായണന് തോമസ് ഐസക് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ അധ്യക്ഷയായി. സൗമ്യ അനിലൻ സ്വാഗതവും നഗരസഭ സെക്രട്ടറി ടി കെ സുജിത് നന്ദിയും പറഞ്ഞു.

നഗരസഭയുടെ മാലിന്യ സംസ്കരണ അംബാസഡർ കൂടിയായ നടൻ വി കെ ശ്രീരാമൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി എം സുരേഷ്, ടി സോമശേഖരൻ, പ്രിയ സജീഷ്, കൗൺസിലർ സുജീഷ്, മുൻ നഗരസഭാ ചെയർമാൻ സി വി ബേബി, നഗരസഭയുടെ ജനകീയാസൂത്രണ ഉപാധ്യക്ഷൻ വി.മനോജ് കുമാർ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ശുഭ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

വൈകീട്ട് 7.30 ന് വിവിധ വാർഡുകളിൽ ശുചിത്വ ദീപം തെളിക്കലും നല്ലവീട് നല്ലനഗരം പ്രതിജ്ഞയും നടന്നു. ശേഷിക്കുന്ന വാർഡുകൾ സമ്പൂർണ ശുചിത്വ വാർഡുകളാക്കി മാറ്റും എന്ന പ്രതിജ്ഞ ഇതിൽ നഗരവാസികൾ എടുത്തു.  ആഗസ്റ്റ് 17 (ചിങ്ങം ഒന്നിന്) നഗരസഭയുടെ അഞ്ചാം വാർഡും സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളും ഓരോന്നായി ശുചിത്വ പ്രഖ്യാപനം നടത്തി നവംബർ 1 ന് കുന്നംകുളം നഗരത്തെ സമ്പൂർണ ശുചിത്വ നഗരമാക്കുകയാണ് ലക്ഷ്യം.

Most Popular

Recent Comments