നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എഴുപത്തിനാലു വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോൾ ആഘോഷിക്കുന്നത് സ്വാഗതാർഹമാണ്. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ളാദകരമാണ്. യുവമോർച്ചയുടെ മാരത്തോൺ യുവ സങ്കൽപ്പയാത്ര കവടിയാർ, ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപതാക ഉയർത്താൻ സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കൾ എത്തിയില്ലെങ്കിലും അടുത്ത വർഷം മുതൽ അവരും പങ്കാളികളാവും. അഞ്ചു വർഷം കഴിഞ്ഞാൽ സിപിഎം വന്ദേമാതരം ചൊല്ലാനും തുടങ്ങും. സബ്കാസാത് സബ്കാവികാസ് എന്ന നയം മോദി സർക്കാർ വിജയകരമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. മോദിയുടെ കീഴിൽ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. അഴിമതി രഹിതമായതും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സർക്കാരാണെന്നത് അഭിമാനാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
യുവമോർച്ചാ ജില്ലാ അദ്ധ്യക്ഷൻ ആർ.സജിത്ത് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബി എൽ അജേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ നന്ദു പാപ്പനംകോട്, കരമന പ്രവീൺ എന്നിവർ സംസാരിച്ചു.