HomeKeralaഡോളർ കടത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: പ്രതിപക്ഷം

ഡോളർ കടത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: പ്രതിപക്ഷം

ഡോളർ കടത്തു കേസില് മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന സ്വര്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി പുറത്തുവന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭ നിര്ത്തിവച്ച് ചര്ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയം അവതരിപ്പിക്കാന് അനുമതി നിഷേധിച്ചതില് പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നത്തെ നിയമസഭാ നടപടികള് ബഹിഷ്‌ക്കരിച്ചു.
കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്ച്ച ചെയ്യാനാകില്ലെന്ന ചട്ടമാണ് സ്പീക്കര് ചൂണ്ടിക്കാട്ടിയത്. എന്നാല് കോടതി പരിഗണനയിലുള്ള വിഷയങ്ങള് ചര്ച്ച ചെയ്ത കീഴ് വഴക്കം കേരള നിയമസഭയ്ക്കുണ്ട്. ചട്ടത്തിനും റൂളിംഗിനും ഉപരിയായി കീഴ് വഴക്കത്തിനാണ് പ്രധാന്യമെന്ന് സ്പീക്കര് ഇന്നലെ സഭയില് വ്യക്തമാക്കിയതുമാണ്. അതിനു പിന്നാലെയാണ് ഇന്ന് ചട്ടം ഉയര്ത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരായ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരുന്നത്. ചട്ടം ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടി വ്യാഖ്യാനിക്കാനുള്ളതല്ല.
മുഖ്യമന്ത്രിക്ക് എതിരായ ഗുരുതര ആരോപണമാണ് സഭ നിര്ത്തിവച്ച് ചര്ച്ച ചെയ്യണമെന്ന് പ്രമേയത്തിലൂടെ പി.ടി തോമസ് എം.എല്.എ ആവശ്യപ്പെട്ടത്. പ്രതികളുടെ മൊഴി തെറ്റാണെങ്കില് മുഖ്യമന്ത്രിക്ക് തൻ്റെ നിരപരാധിത്വം നിയമസഭയില് വ്യക്തമാക്കാമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
എന്നാല് മുഖ്യമന്ത്രിയും സി.പി.എമ്മും എന്തിനെയോ ഭയപ്പെടുന്നുവെന്നാണ് സ്പീക്കറുടെ നിലപാടില് നിന്നും വ്യക്തമാകുന്നത്. കേന്ദ്ര ഏജന്സികളുടെ അന്വേഷണം തടയാന് വിവിധ മാര്ഗങ്ങളിലൂടെ തടയാന് സര്ക്കാര് ശ്രമിച്ചതും പലതും പുറത്തുവരുമെന്ന ഭയം കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നല്കാത്തതിനെ തുടര്ന്ന് ചരിത്രത്തില് ആദ്യമായി നിയമസഭാ കവാടത്തില് പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയം അവതരിപ്പിക്കേണ്ടി വന്നു.
തട്ടിപ്പു കേസിലെ പ്രതിയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന ന്യായമാണ് സി.പി.എം ഇപ്പോള് ഉന്നയിക്കുന്നത്. മറ്റൊരു തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും സി.പി.എം മറക്കരുത്. നിരപരാധിയായ ഉമ്മന് ചാണ്ടിക്കെതിരെ കേസെടുത്തവര്ക്ക് കാലം മുഖം അടച്ചുകൊടുത്ത അടിയാണ് സ്വര്ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തല്. മൊഴി പുറത്തുവന്നതോടെ സംശയനിഴലിലായ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം.

Most Popular

Recent Comments