സംസ്ഥാനത്തെ പ്രമാദമായ ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് മൊഴി. യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് മൊഴി. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സരിത്തിൻ്റേതാണ് മൊഴി. പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് സിപിഎമ്മിനേയും പിണറായിയേയും പ്രതികൂട്ടിലാക്കുന്ന മൊഴി വിശദീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ സ്വപ്‌ന സുരേഷാണ് തന്നെ വിളിച്ചതെന്ന് സരിത്ത് പറയുന്നു. മുഖ്യമന്ത്രി വിദേശത്തേക്ക് കൊണ്ടുപോകാന്‍ വെച്ച ഒരു പാക്കറ്റ് മറന്നെന്നും സെക്രട്ടറിയറ്റില്‍ പോയി അത് കൈപ്പറ്റാനായിരുന്നു ആവശ്യം. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണനില്‍ നിന്ന് സരിത്ത് പാക്കറ്റ് കൈപ്പറ്റി. ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ പാക്കറ്റ് യുഎഇ കോണ്‍സുലേറ്റിലെ സ്‌കാനറില്‍ പരിശോധിച്ചപ്പോഴാണ് അതില്‍ നിറയെ പണമായിരുന്നു എന്ന് മനസ്സിലായത്. ഇത് സ്വപ്നയെ അപ്പോള്‍ തന്നെ അറിയിച്ചിരുന്നു.
സ്വപ്‌ന പറഞ്ഞ പോലെ പാക്കറ്റ് അഡ്മിന്‍ അറ്റാഷേയെ എല്‍പ്പിക്കുകയും അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറാന്‍ യുഎഇയിലേക്ക് കൊണ്ടുപോയി. പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്‌ന പിന്നീട് തന്നോട് പറഞ്ഞതായും സരിത് പറയുന്നു. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ്റെ ഫ്‌ളാറ്റില്‍ പോയി പണമടങ്ങിയ ബാഗ് കൈപ്പറ്റിയെന്നും മൊഴിയിലുണ്ട്. സ്വപ്‌നയും ഇതേ മൊഴി നല്‍കിയിരുന്നു.