വികസന പ്രവർത്തനങ്ങളാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമെന്നും എല്ലാവരും ചേർന്ന് നടത്തിയ വലിയ പരിശ്രമത്തിൻ്റെ വിജയമാണ് കുതിരാൻ തുരങ്കം തുറന്ന് കൊടുക്കാൻ കഴിഞ്ഞതെന്നും റവന്യൂ മന്ത്രി കെ.രാജൻ. ഗതാഗതത്തിന് തുറന്ന് കൊടുത്ത കുതിരാൻ തുരങ്കം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഓക്സിജൻ ടാങ്കുകൾ പാലക്കാട് നിന്ന് കടന്ന് വരുന്നതിന് തടസങ്ങൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി മന്ത്രിസഭ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുതിരാൻ തുരങ്കവുമായി ബന്ധപ്പെട്ട വിപുലമായ ചർച്ച നടത്തിയതായി മന്ത്രി പറഞ്ഞു. തുടർന്ന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ.രാധാകൃഷ്ണൻ, ആർ. ബിന്ദു എന്നിവർക്കൊപ്പം കുതിരിൽ തുരങ്ക നിർമാണ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ തുരങ്ക നിർമാണം ദിവസവും വിലയിരുത്തി പ്രവർത്തനങ്ങൾ വേഗത്തിലാക്കി.
കുതിരാന്‍ തുരങ്കപാതയില്‍ ഓഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചിരുന്നു. എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നതിനായി മന്ത്രി പി എ മുഹമ്മദ് റിയാസും താനും കൃത്യമായി തുരങ്കം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നതായും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ,
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ, ജനപ്രതിനിധികൾ, ദേശീയ പാത നിർമാണ കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.