നിർമ്മാണ മേഖലകളിൽ തൊഴിൽ പ്രതിസന്ധികൾ രൂക്ഷമായിരിക്കുകയാണെന്നും അടിയന്തിരമായി ഇതിനു പരിഹാരം കാണണമെന്നും കെ. കെ .എൻ. ടി. സി. സംസ്ഥാന പ്രസിഡൻ്റ് കെ പി തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു. കമ്പിയും സിമെൻ്റും ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ നിയന്ത്രണമില്ലാത്ത വിലക്കയറ്റവും കോവിഡ് നിയന്ത്രണത്തിലെ സർക്കാർ വീഴ്ചകളും മൂലം പ്രതിസന്ധി രൂക്ഷമാണ്.
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ വർഷങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുടങ്ങി കിടക്കുന്നു. അപകടമരണ സഹായം പോലും 2018നു ശേഷം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. 20,000 കോടി രൂപയോളം സെസ്സ് പിരിച്ചെടുക്കാതെ മുതലാളിമാരുടെ കൈകളിൽ നിർത്തിയിരിക്കുന്നു.
സെസ്സ് പിരിവ് ഊർജ്ജിതപ്പെടുത്തുക, നിർമ്മാണ തൊഴിലാളികൾക്ക് പണി നഷ്ടപ്പെടുന്ന ദിവസങ്ങളിൽ മിനിമം വേതനം നൽകുക, ക്ഷേമനിധിയിൽ അംഗത്വം എടുത്ത എല്ലാ തൊഴിലാളികൾക്കും പെൻഷൻ കാർക്കും കോവിഡ് പ്രത്യേക ധനസഹായം കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വകയായി 10,000 രൂപ വീതം നൽകുക, കോവിഡ് നിയന്ത്രണം പൂർണ്ണമായും പിൻവലിക്കുക, അടിയന്തരമായി നിർമ്മാണ തൊഴിലാളികൾക്കും കുടുംബത്തിനും കോവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ പ്രതിഷേധ സമരപരിപാടികൾക്ക് യോഗം തീരുമാനം എടുത്തു.
സംഘടനയുടെ മുൻ നേതാക്കന്മാരായ കെ ആർ ബാലചന്ദ്രൻ , ഇ ജെ ജോസഫ്, എം കെ. കുട്ടപ്പൻ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം എം രാജു അധ്യക്ഷനായി. ജോസ് കപ്പിത്താൻ പറമ്പിൽ, ജെസ്സി ഡേവിസ്, സലോമി ജോസഫ്, കെ ഡി ഫെലിക്സ്, ടി കെ രമേശൻ, എസ് ബി ചന്ദ്രശേഖര വാര്യർ, കെ എൻ സുകുമാരൻ, കെ കെ കുമാരൻ, ദാമു അറത്തിൽ, കെ എം ജോർജ് എന്നിവർ സംസാരിച്ചു.