കൊറോണ വൈറസ് ബാധ യൂറോപ്പിൽ അതിരൂക്ഷമായി പടരുകയാണ്. രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണ സംഖ്യ ഇന്നലെ രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടന കൊവിഡ് 19 വൈറസിൻറെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും അതിർത്തികൾ പൂർണമായും അടയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുകയാണ്.
സമീപകാലത്തെഎങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നത്. ഇറ്റലിയിൽ 368 പേരും ട്രെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ട്ടമായത് ഇതാദ്യമായാണ്. കൊറോണ ബാധ രൂക്ഷമായ ഇറ്റലിയിൽ ഇതോടെ മരണം 1809 ആയി. സ്പെയിനിൽ 228 പേരും ഫ്രാൻസിൽ 120 പേരും ഇതുവരെ കൊവിഡ് 19 ബാധയിൽ മരിച്ചു. ഇംഗ്ലണ്ടിലും കൊവിഡ് നാശം വിതക്കുകയാണ്. 14 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ മരണസംഖ്യ 35 ആയി.
24,747 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് അടുത്ത 24 മണിക്കൂറിൽ സ്വിറ്റ്സർലൻഡിലെ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിൽ മൂന്നിരട്ടിയായി ഉയർന്ന് 2200ൽ എത്തി. 14 മരണങ്ങളാണ് സ്വിറ്റ്സർലൻഡിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിനും,അയർലണ്ടിനും കൂടി യാത്രാവിലക്ക് ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചു. ഇതോടെ 28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല.62 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
എല്ലാ യൂറോപ്യൻ രാജ്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി. പോർചുഗൽ സ്പെയിനുമായുളള അതിർത്തി അടച്ചു. ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ ഡെന്മാർക്ക് ലക്സംബർഗ് അതിർത്തികളിൽ ശക്തമായ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ജോലിക്ക് പോകുവാനും ആഹാരവും മരുന്നുകളും അടിയന്തിര ആവശ്യങ്ങൾക്കും മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്നാണ് നിർദ്ദേശം. അഞ്ച് പേരിൽ കൂടുതലുള്ള ആൾക്കൂട്ടങ്ങൾ പാടില്ലെന്ന് ഓസ്ട്രിയ പൗരന്മാർക്ക് നിർദ്ദേശം നൽകി. അയർലണ്ടിലെ പബ്ബുകൾ അടച്ചു പൂട്ടി. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.