HomeKeralaഅർഹരായവർക്ക് പഠനോപകരണങ്ങൾ ലഭിച്ചെന്ന് ഉറപ്പാക്കണം : മന്ത്രി കെ രാധാകൃഷ്ണൻ

അർഹരായവർക്ക് പഠനോപകരണങ്ങൾ ലഭിച്ചെന്ന് ഉറപ്പാക്കണം : മന്ത്രി കെ രാധാകൃഷ്ണൻ

അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ ലഭിച്ചെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് ജില്ലയിലെ സ്കൂളുകൾ സജ്ജമെന്ന സ്കൂൾ തല പ്രഖ്യാപനം ജൂലൈ 31 ന് നടത്തുമെന്നും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഓഗസ്റ്റ് ഒന്നിന് പഞ്ചായത്ത് തലത്തിലും ഓഗസ്റ്റ് അഞ്ചിന് ജില്ലാ തലത്തിലും 15 ന് സംസ്ഥാനതല പ്രഖ്യാപനവും നടത്തും.

പഞ്ചായത്തിലെ അർഹരായ മുഴുവൻ കുട്ടികൾക്കും പഠനോപകരണം ലഭിച്ചെന്ന് ഓരോ തദ്ദേശ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ജില്ലയിലെ മുഴുവൻ എം എൽ എമാരും ജനപ്രതിനിധികളും മുനിസിപ്പൽ, കോർപ്പറേഷൻ, വാർഡ് തല മെമ്പർമാരും വാശിയോടെ ഇടപെടൽ നടത്തണമെന്നും മന്ത്രി നിർദേശം നൽകി.

ഇത്‌ സംബന്ധിച്ച് നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആദിവാസി കോളനികളിൽ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുന്നതിനുള്ള ഇൻറർനെറ്റ് കണക്റ്റിവിറ്റി നൽകാനും പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് ടാബ്, ലാപ്ടോപ്, ഡെസ്ക്ടോപ്, മൊബൈൽ എന്നിവ വിതരണം ചെയ്ത് ഡിജിറ്റലൈസേഷൻ പ്രവർത്തനം ഊർജ്ജിതമാക്കാനുമുള്ള നടപടികൾ വേഗത്തിലാക്കും.

പട്ടികവർഗ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഉപകരണങ്ങൾ ഉറപ്പാക്കുന്നതും അതിന് ആവശ്യമുള്ള ഇൻറർനെറ്റ് കണക്റ്റിവിറ്റി മലയോര പ്രദേശങ്ങളിൽ സജ്ജമാക്കി വരുന്നതും.
65124 കുട്ടികൾക്കാണ് ജില്ലയിൽ ഇനിയും പഠനോപകരണങ്ങൾ ആവശ്യമുള്ളത്. സ്കൂൾ തല സമിതിയാണ് കണക്കെടുപ്പ് പൂർത്തിയാക്കിയത്. നൂറിൽ താഴെ മാത്രം ഉപകരണങ്ങൾ ആവശ്യമുള്ള പഞ്ചായത്തുകളും ഇരുനൂറിൽ താഴെ ഉപകരണങ്ങൾ മാത്രം ആവശ്യമുള്ള പഞ്ചായത്തുകളും പ്രത്യേകം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വള്ളത്തോൾ നഗർ പഞ്ചായത്തിൽ രണ്ടായിരത്തിലധികം ഉപകരണങ്ങളാണ് ആവശ്യമുള്ളത്. ഈ പ്രദേശത്ത്  ഇടപെടലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻതന്നെ നടത്തി ആവശ്യമായ ഉപകരണങ്ങൾ നൽകണമെന്ന് വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റിനോട് മന്ത്രി ആവശ്യപ്പെട്ടു.

 ഇതുവരെ എത്ര വിദ്യാർഥികൾക്ക് ഉപകരണങ്ങൾ ലഭ്യമാക്കി എന്നും ഇതിൽ ഉപകരണം ലഭിക്കാൻ അർഹതയുള്ളവരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൃത്യതപ്പെടുത്തണമെന്നും ജില്ലാ കലക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. 31 ന് മുമ്പ് തന്നെ എം എൽ എമാരുടെ യോഗം വിളിച്ചു ചേർത്ത് അവലോകനം നടത്തും.

ആദിവാസി മേഖലയിൽ ടവർ സ്ഥാപിക്കാനും സ്ഥായിയായ സംവിധാനമൊരുക്കാനും ഓൺലൈൻ വിദ്യാഭ്യാസം ഇടതടവില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താനും എം പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിക്കുമെന്ന് ടി എൻ പ്രതാപൻ എം പി അറിയിച്ചു. ടവർ സ്ഥാപിക്കാനുള്ള സ്ഥലവും ഒരുക്കും. ഒരു ടവർ വച്ചാൽ രണ്ട് പഞ്ചായത്തുകളിലെ മലയോര പ്രദേശ മേഖലയിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കാൻ കഴിയും. കൂടാതെ എംപി എഡ്യുകെയർ പദ്ധതിയിലുൾപ്പെടുത്തി പരമാവധി വിദ്യാർഥികൾക്കും മൊബൈലുകളും ടാബുകളും നൽകുമെന്നും ഈ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ കൂടെ നിലകൊള്ളുമെന്നും എംപി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പദ്ധതി ഫണ്ട് വിനിയോഗിച്ച് ജില്ലയിലെ 22 കോളനികളിൽ കേബിൾ വലിച്ച് ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുമെന്നും ഇതിനുള്ള പ്രവർത്തനം ദ്രുതഗതിയിൽ നടന്നുവരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അറിയിച്ചു. അതിരപ്പിള്ളിയിൽ ഇൻറർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനായി തമിഴ്നാട് അതിർത്തിയിലുള്ള വാൽപ്പാറയിൽ നിന്ന് കേബിൾ വലിച്ച് പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.

Most Popular

Recent Comments