HomeKeralaസുപ്രീംകോടതി വിധി- സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം: കെ സുരേന്ദ്രൻ

സുപ്രീംകോടതി വിധി- സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം: കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിൻ്റെ അശാസ്ത്രീയ കൊവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണിത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

പിണറായി സർക്കാർ സമ്മർദ്ദ ശക്തികൾക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ഇതിന് മറുപടി പറയണം. തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നു കൊടുക്കുന്നതിനെയാണ് ബിജെപി എതിർക്കുന്നത്. ശാസ്ത്രീയമായ ഉപദേശം തേടിയാവണം കൊവിഡ് പ്രതിരോധം നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളല്ല തീരുമാനം എടുക്കേണ്ടത്. ഐസിഎംആറിൻ്റേയോ ലോകാരോഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനം സർക്കാർ എടുത്തത് ശരിയായില്ല.

വർഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നൽകിയത്. ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടു. കേസുകളുടെ കാര്യത്തിലും മരണത്തിൻ്റെ കാര്യത്തിലും കേരളത്തെ ഒന്നാമതാക്കിയതാണ് ഈ സർക്കാരിൻ്റെ നേട്ടം. മൂന്നാംതരംഗം പടിവാതിലിലെത്തി നിൽക്കുമ്പോൾ രണ്ടാം തരംഗത്തിൻ്റെ വലിയ ദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ല.

മന്ത്രി എകെ ശശീന്ദ്രൻ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരിണിത്. ആ സർക്കാരിലെ ഒരു മന്ത്രി പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീപീഡന കേസ് ഒഴിവാക്കാൻ ശ്രമിക്കുകയാണ്. കുറ്റവാളികൾക്ക് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തുകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണിത്. ഭരിക്കുന്ന മന്ത്രിമാരും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയുമാണ് സ്ത്രീപീഡകരെ സംരക്ഷിക്കുന്നത്. വേട്ടക്കാരുടെ സർക്കാർ ഭരിക്കുമ്പോൾ ഇരകൾക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Most Popular

Recent Comments