വൈദ്യുതി ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത നേടണം – മന്ത്രി കെ കൃഷ്ണന്‍ കുട്ടി

0

മണ്ണുത്തി 110 കെ വി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

വൈദ്യുതി ഉല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടണമെന്ന് വൈദ്യുതി  മന്ത്രി കെ കൃഷ്ണൻകുട്ടി. കെ എസ് ഇ ബിയുടെ മണ്ണുത്തി 110 കെ വി സബ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷനായി.

സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ജല, സോളാര്‍ വൈദ്യുത പദ്ധതികൾ വിപുലപ്പെടുത്തണം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൻ്റെ 30 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം വൈദ്യുതിയും പുറത്തുനിന്നും വാങ്ങുകയാണ്. എല്ലാവരും ശ്രമിച്ചാൽ ഈ പ്രവണത മാറ്റിയെടുക്കാൻ സാധിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് വൈദ്യുതി ലഭ്യമാക്കേണ്ടതിൻ്റെ പ്രാധാന്യവും അതിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന പുരോഗതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എട്ടു മാസത്തിനുള്ളില്‍ അടങ്കല്‍ തുകയിലും 1.50 കോടി കുറവില്‍ ഈ പദ്ധതി പൂര്‍ത്തീകരിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

50,000 ത്തോളം വരുന്ന ജനങ്ങള്‍ക്ക് വോള്‍ട്ടേജ് ക്ഷാമമില്ലാതെ വൈദ്യുതി എത്തിക്കുന്നതില്‍ നാഴികക്കല്ലാണ് മണ്ണുത്തി 110 കെ വി സബ് സ്‌റ്റേഷനെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി, അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, പുത്തൂര്‍ മൃഗശാല എന്നിവയ്ക്കും മണ്ണുത്തി സബ്‌സ്റ്റേഷനില്‍ നിന്നും വൈദ്യുതി ലഭ്യമാക്കും. ഈ പദ്ധതി നടപ്പാക്കാന്‍ സഹായിച്ച മുന്‍ വനം മന്ത്രി കെ രാജുവിനും വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറിനും മന്ത്രി നന്ദി പറഞ്ഞു. മണ്ണുത്തി സെക്ഷൻ ഓഫീസ് അടുത്തു തന്നെ സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പട്ടിക്കാട് സെക്ഷന് കീഴിലുള്ള വിദൂര സ്ഥലങ്ങളായ പാത്രക്കണ്ടം, ഒളകര എന്നിവിടങ്ങളിലേക്ക് വൈദ്യുതി നൽകുന്നതുമായി ബന്ധപ്പെട്ട് കുതിരാന് അപ്പുറത്ത് ഒരു ഓഫീസ് അനുവദിക്കണമെന്ന റവന്യൂ മന്ത്രിയുടെ ആവശ്യം ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകി