സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്

0

സിപിഎം നേതൃത്തിലുള്ള ഭരണസമിതി ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ്. നൂറ് കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കണ്ടെത്തി. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു.

46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങിയ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. പെരിങ്ങനം സ്വദേശിയായ കിരണിൻ്റെ അക്കൗണ്ടിലേക്ക് മാത്രം 23 കോടി രൂപ എത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ ആധാരം പണയം വെച്ചുള്ള തുകയാണിത്.

അതുപോലെ തന്നെ ഉടമകള്‍ അറിയാതെ അധാരം പണയം വെച്ചും പണം തട്ടിയിട്ടുണ്ട്. സായിലക്ഷ്മി എന്ന സ്ത്രീയുടെ ആധാരം പണയം വെച്ച് മൂന്ന് കോടി രൂപയാണ് തട്ടിയെടുത്തത്. എന്നാല്‍ അവര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ല.

സിപിഎം നേതാക്കളാണ് ഭരണസമിതിയില്‍. വെട്ടിപ്പ് പുറത്തായതോടെ 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു. സെക്രട്ടറി അടക്കം ആറ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭരണസമിതിക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.