മൂന്നാംതരംഗം അരികെ, സംസ്ഥാനങ്ങള്‍ കരുതല്‍ നടപടിയെടുക്കണം: പ്രധാനമന്ത്രി

0

കോവിഡിൻ്റെ മൂന്നാംതരംഗം ആസന്നമാണെന്ന മുന്നറിയിപ്പ് സംസ്ഥാനങ്ങള്‍ക്ക് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഉയര്‍ന്ന ടിപിആര്‍ നിരക്കുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. സംസ്ഥാനങ്ങള്‍ ടെസ്റ്റ്-ട്രാക്ക്-വാക്‌സിനേറ്റ് സമീപനം മുന്‍നിര്‍ത്തി മുന്നോട്ട് പോകണം. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. പുതിയ കേസുകളുടെ 80 ശതമാനവും മരണനിരക്കിൻ്റെ 84 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

കോവിഡിനായി കേന്ദ്രം 23,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ച് സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖല മെച്ചപ്പെടുത്തണം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.