കൊല്ലം എംഎല്‍എ മുകേഷ് ഫോണിലൂടെ വിദ്യാര്‍ത്ഥിയോട് കയര്‍ത്തു സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഒറ്റപ്പാലം എംഎല്‍എ എം ഹംസക്കെതിരെ വിമര്‍ശനം. വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നാണ് ഒറ്റപ്പാലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
മുകേഷിനെ ഫോണ്‍ വിളിച്ച കുട്ടി ബാലസംഘം പ്രവര്‍ത്തകനല്ലെന്നും ബാലസംഘം പ്രവര്‍ത്തകനെന്ന് ഹംസ പറഞ്ഞത് എന്ത് സാഹചര്യത്തിലാണെന്നുമാണ് യോഗം വിമര്‍ശിച്ചത്. തുടര്‍ന്ന് ഒറ്റപ്പാലം ഏരിയയിലെ ജില്ല കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലും വിഷയം ചര്‍ച്ചയായി. യോഗത്തില്‍ നിന്നും എം ഹംസ വിട്ടുനിന്നു.
മുകേഷിന്റെ ഫോണ്‍ സംഭാഷണം വിവാദമായതോടെ വിശദീകരണവുമായി എം ഹസം രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി ഫോണ്‍ വിളിച്ചത് ദുരുദ്ദേശ്യത്തോടെ അല്ലെന്നും ഹംസ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കുട്ടി ബാലസംഘം പ്രവര്‍ത്തകനാണെന്നും ഹംസ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് മുകേഷും പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവും തമ്മിലുള്ള ഫോണ്‍ കോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്തു സഹായത്തിനാണ് വിളിച്ചതെന്നു പോലും ചോദിക്കാതെ മുകേഷ് കുട്ടിയോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു. മുകേഷിന്റെ ഈ പ്രതികരണമാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വേദിയൊരുക്കിയത്.