സഹകരണമേഖലക്ക് പുതിയ മന്ത്രാലയവുമായി മോദി സര്‍ക്കാര്‍

0

കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍. സഹകരണത്തിലൂടെ സമൃദ്ധി എന്ന കാഴ്ചപ്പാടോടെയാണ് ഈ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സഹകരണ മേഖലക്കായി നിയമപരമായതും, ഭരണപരമായതുമായ നയരൂപീകരണമാണ് ഈ മന്ത്രാലയത്തിലൂടെ സര്‍ക്കാര്‍ ഉന്നമിടുന്നത്.

സഹകരണ മേഖലയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനം രാജ്യത്തിന് അത്യാവശ്യമാണ്. അത് കര്‍ത്തവ്യത്തോടെ നിര്‍വഹിക്കാനും, അതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ഈ വകുപ്പ് വഴി ശ്രമിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സഹകരണ മേഖലയിലെ ബിസിനസുകള്‍ സുതാര്യതയോടെ നടത്തിക്കൊണ്ടുപോകാനും, മള്‍ട്ടി സ്‌റ്റേറ്റ് കോര്‍പറേറ്റീവുകളെ ഉണ്ടാക്കിയെടുക്കാനും കേന്ദ്ര സഹകരണ മന്ത്രാലയം ശ്രമിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സഹകരണ മേഖലക്ക് പ്രത്യേക മന്ത്രാലയമെന്ന ആശയം അവതരിപ്പിച്ചത്. ഇതാണ് സര്‍ക്കാരിപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. അതിനിടെ ഈ വകുപ്പിന്റെ അധികാരങ്ങളും മറ്റും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കും.