അധഃസ്ഥികരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം മുംബൈ ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ക്ക് ജസ്യൂട്ട് സഭയുടെ മുംബൈ പ്രൊവിന്‍ഷാള്‍ ഫാ അരുണ്‍ ഡിസൂസ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.
ഫാ സ്റ്റാന്‍ സ്വാമി തിങ്കളാഴ്ച തടവിലായിരിക്കെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭീമകൊറോഗാവ് കേസിലാണ് ഫാ സ്റ്റാന്‍ സ്വാമി എന്‍ഐഎ അറസ്റ്റിലാകുന്നത്. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് റാഞ്ചിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
യുഎപിഎ ചുമത്തി നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലായുരുന്ന ഫാ സ്റ്റാന്‍ സ്വാമിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചിരുന്നു. മേയ് 28ന് ബോംബെ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ബാന്ദ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.