ആദിവാസി വിഭാഗത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

0

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി വിഭാഗത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമായ ഊരുകളില്‍ പഠന മുറികള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണം വേണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ചെറിയ പിന്തുണ നല്‍കിയാല്‍ ഉപകരണം വാങ്ങാന്‍ കഴിവുള്ളവര്‍ സഹകരണബാങ്കുകള്‍ ഇതിനോടകം തന്നെ പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്തേണ്ടതാണ്.

സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് കൃത്യമായ കണക്കെടുക്കണം. ജൂലൈ 15നകം ഇത് പൂര്‍ത്തീകരിക്കണം. ഇതിനായി ഗ്രാമപഞ്ചായത്ത്/ വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായ സമിതി സ്‌കൂളില്‍ രൂപീകരിക്കും.

സ്‌കൂള്‍ എടുത്ത കണക്ക് 19നകം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്രോഡീകരിക്കും. ഇതിന് നേതൃത്വം നല്‍കാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ അടങ്ങിയ സമിതിയും ഉണ്ടാകും. ജൂലൈ 21നകം ജില്ലാതലത്തില്‍ ഇവ ക്രോഡീകരിക്കുകയും പിന്നീട് സംസ്ഥാനതല സംവിധാനത്തിന് കൈമാറുകയും ചെയ്യും.

ജില്ലാ തലത്തില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ അധ്യക്ഷനും ജില്ല കളക്ടര്‍ കണ്‍വീനറുമായി സമിതി നിലവില്‍ വരും. സ്വന്തം കുട്ടിക്ക് ഉപകരണങ്ങള്‍ വാങ്ങിച്ചു നല്‍കുമ്പോള്‍ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാന്‍ പറ്റുന്നവരെ അതിന് പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.