കേരളത്തില്‍ പീഡനം, കിറ്റെക്‌സിന് ഓഫറുകളുമായി സംസ്ഥാനങ്ങള്‍

0

കേരളത്തില്‍ വ്യവസായത്തിന് പറ്റിയ സാഹചര്യമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുമ്പോള്‍ സംരംഭകരെ സ്വീകരിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ മത്സരിക്കുന്നു. സര്‍ക്കാര്‍ ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നതിനാല്‍ കേരളം വിടുമെന്ന് പറഞ്ഞ് കിറ്റെക്‌സിനെ ഔദ്യോഗികമായി ക്ഷണിച്ച് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍.

രാഷ്ട്രീയ എതിര്‍ നിലപാട് എടുത്തതിൻ്റെ പ്രതികാരമായി തങ്ങളുടെ കമ്പനികളില്‍ സര്‍ക്കാര്‍ അനാവശ്യ പരിശോധനകള്‍ നടത്തി ദ്രോഹിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കിറ്റെക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചിരുന്നു. അതിനാല്‍ 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്നും സാബു പറഞ്ഞു.

ഇതിന് പിന്നാലെയാണ് 3500 കോടി രൂപയുടെ വ്യവസായ സംരംഭം തങ്ങളുടെ നാട്ടില്‍ തുടങ്ങാന്‍ സംസ്ഥാനങ്ങള്‍ ക്ഷണിക്കുന്നത്. ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ക്ഷണിച്ചത്. സൗജന്യ ഭൂമി, വൈദ്യുതി, വെള്ളം തുടങ്ങി നിരവധി ഓഫറുകളും അവര്‍ നല്‍കുന്നു. കേരളത്തില്‍ വലിയ മുതല്‍മുടക്കിന് ആരും തയ്യാറാവാത്ത സ്ഥിതിയാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും എന്ന പ്രസ്താവനകള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തുമ്പോഴും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം വ്യവസായികളെ ശത്രുക്കളായി കാണുന്ന രീതി തുടരുന്നു.