ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. യുപി പൊലീസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
സിഎഎ, എന്‍ആര്‍സി സമരം മറയാക്കി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യുപി പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു. നീക്കം പരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തില്‍ പറുന്നു.
സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദ ഗാങ്ങിന്റെ ഭാഗമാണ്. 2020 സെപ്തംബറില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച രഹസ്യ ക്യാമ്പില്‍ സിദ്ദിഖ് കാപ്പന്‍ പങ്കെടുത്തതായും കാപ്പന്റെ വാട്‌സാപ്പ് ചാറ്റുകളും മൊബൈല്‍ ഫോണ്‍ രേഖകളും പിടിച്ചെടുത്തതായും യുപി പൊലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.
അതെസമയം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കാപ്പന്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നും പണം സ്വരൂപിച്ചുവെന്നും യുപി പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. കാപ്പനെതിരെ ഗൗരവപരമായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് യുപി പൊലീസ്.