കശ്മീരിലെ രജൗരിയില്‍ ഡ്രോണുകള്‍ നിരോധിച്ചു

0

ജമ്മു കശ്മീരിലെ രജൗരിയില്‍ ഡ്രോണുകള്‍ക്ക് സമ്പൂര്‍ണ വിലക്ക്. ജമ്മുവിലെ വ്യോമകേന്ദ്രത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. രജൗരി ജില്ല മജിസ്‌ട്രേറ്റ് രാജേഷ് കുമാര്‍ ശാവന്‍ ആണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡ്രോണ്‍ കൈവശമുള്ളവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അവ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നു.

ഡ്രോണുകള്‍ സൂക്ഷിക്കുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതിനുമെല്ലാം നിരോധനമുണ്ട്. മാപ്പിംഗിനും സര്‍വേകള്‍ക്കുമായി ഡ്രോണുകള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്‌ഐ, ല്ഷ്‌കര്‍-ഇ-തൊയ്ബയെ ഉപയോഗിച്ച് നടപ്പാക്കിയ ഭീകരാക്രമണമാണ് ജമ്മു വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായതെന്നാണ് എന്‍ഐഎയുടെ പ്രാഥമിക നിഗമനമം.

വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് മരുന്നുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിര്‍മ്മിത ഡ്രോണുകളാണെന്നും വ്യക്തമായി. ആക്രമണത്തിന് ശേഷം ഡ്രോണുകള്‍ അതിര്‍ത്തി കടന്നതായാണ് സംശയിക്കുന്നത്. സ്‌ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനായി എന്‍എസ്ജിയുടെ ബോംബ് സ്‌ക്വാഡ് പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മുകശ്മീരിന്റെ പലിടങ്ങളിലായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.