വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകളൊന്നും കിറ്റെക്‌സില്‍ നടന്നിട്ടില്ലെന്ന് മന്ത്രി പി രാജീവ്. കിറ്റെക്‌സില്‍ നിന്ന് ഔദ്യോഗിക പരാതികള്‍ വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വ്യവസായ മേഖലയില്‍ ഉണര്‍വിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം. എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുളള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുമ്പ് തന്നെ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.