ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണന്റെ മൊഴിയെടുത്തു

0

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ സംഘം പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴിയെടുത്തു. സിബിഐ ഡിഐജി സന്തോഷ് കുമാര്‍ ചാല്‍ക്കെയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ആവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കുമെന്ന് സിബിഐ നമ്പി നാരായണനെ അറിയിച്ചു.

പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ നമ്പി നാരായണന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുരുക്കാന്‍ പൊലീസിലേയും ഐബിയിലേയും ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയെന്നാണ് സിബിഐ കേസ്. ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസ്, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ 18 പേരെ പ്രതിച്ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

സുപ്രിംകോടതി നിയമിപ്പിച്ച ജസ്റ്റിസ് ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് സിബിഐ ഗൂഢാലോചന കേസില്‍ അന്വേഷണം തുടങ്ങിയത്. മുമ്പ് നമ്പി നാരായണന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിനുശേഷമാണ് നമ്പി നാരായണന്‍ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലേയും ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങിയത്.