പുതിയ ഐടി നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി പോര് മുറുകുന്നതിനിടെ വീണ്ടും വിവാദം സൃഷ്ടിച്ച് ട്വിറ്റര്‍. ജമ്മുകശ്മീരും ലഡാക്കുമില്ലാതെ ഉള്ള ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചാണ് ട്വിറ്റര്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ജമ്മുകശ്മീരും ലഡാക്കും വേറെ രാജ്യങ്ങളാക്കിയാണ് ട്വിറ്റര്‍ ഭൂപടം പ്രസിദ്ധീകരിച്ചത്.
ട്വിറ്ററിന്റെ കരിയര്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയില്‍ നിന്ന് വേര്‍പ്പെട്ട നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
മുമ്പും ട്വിറ്റര്‍ ഇന്ത്യുടെ ഭൂപടം തെറ്റായി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജമ്മൂകാശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം തയ്യാറാക്കിയത്. അന്ന് അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിശിതമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അന്ന് ട്വിറ്റര്‍ സിഇഒക്ക് എഴുതിയ കത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.