പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി: യുഡിഎഫ് പ്രമേയം തള്ളി ജില്ലാ പഞ്ചായത്ത്

0

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള  യുഡിഎഫ് നീക്കം  അനുവദിക്കാതെ കാസർകോട് ജില്ലാ പഞ്ചായത്ത്. ചര്‍ച്ചക്ക് വെക്കാൻ പോലും എൽഡിഎഫ് ഭരണസമിതി അനുവദിച്ചില്ല. ഇരട്ട കൊലപാതക കേസിലെ ഒന്നു മുതല്‍ 3 വരെയുള്ള പ്രതികളായ സിപിഎമ്മുകാരുടെ ഭാര്യമാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതിനെതിരെയായിരുന്നു പ്രമേയം.

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് താത്ക്കാലിക നിയമനം നല്‍കിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗം ജോമോന്‍ ജോസാണ് പ്രമേയം അവതരിപ്പിച്ചത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് നിയമനമെന്ന് യുഡിഎഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പ്രമേയം ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലപാടാണ് ജില്ല പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടായത്.  പ്രമേയം ചര്‍ച്ച ചെയ്യണമോ എന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടത്തി.  17 അംഗങ്ങളും 6 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരും വോട്ടെടുപ്പില്‍ പങ്കെടുത്തു. ജില്ല പഞ്ചായത്തിലെ 8 എല്‍ഡിഎഫ് അംഗങ്ങളും 4 എല്‍ഡിഎഫ് ബ്ലോക്ക് പ്രസിഡൻ്റുമാരും പ്രമേയത്തെ എതിര്‍ത്തു. 7 യുഡിഎഫ് ജില്ലാ പഞ്ചായത്ത് അംഗങ്ങളും 2 യുഡിഎഫ് ബ്ലോക്ക് പ്രസിഡൻ്റുമാര്‍ക്കും പുറമെ ബിജെപിയിലെ 2 അംഗങ്ങള്‍ കൂടി പ്രമേയം ചര്‍ച്ച ചെയ്യുമെന്ന് ആവശ്യപ്പെട്ടു. പ്രമേയം ചര്‍ച്ച ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചു.