ലോകത്തിനു മുന്നിൽ കേരളത്തിന് തീരാക്കളങ്കമുണ്ടാക്കിയ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനു തടയിടുന്നതിനായി സുപ്രീംകോടതിയിൽ തടസവാദ ഹർജി ഫയൽ ചെയ്തതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിൻ്റെ തുടർച്ചയായിട്ടാണ് സുപ്രീംകോടതിയിലും അപേക്ഷ നൽകിയിരിക്കുന്നത്.
ധനകാര്യ മന്ത്രി കെ എം മാണി അവതരിപ്പിച്ച 2015 ലെ ബജറ്റ് തടസപ്പെടുത്താനായി അന്നത്തെ പ്രതിപക്ഷ എം.എൽ.എ മാർ അഴിഞ്ഞാടിയത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. നിലവിലെ മന്ത്രി വി ശിവൻകുട്ടി, കെ ടി ജലീൽ ഉൾപ്പെടെ അന്നത്തെ ആറു എംഎൽഎമാർക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിനു കുറ്റപത്രം സമർപ്പിച്ചത്.
നിയമനിർമാണത്തിന് ഉത്തരവാദിത്വമുള്ള സാമാജികർ നിയമലംഘകരായി മാറുന്ന കാഴ്ചയ്ക്കാണ് 2015 മാർച്ച് 13 ന് നിയമസഭ സാക്ഷ്യം വഹിച്ചത്. സ്പീക്കറുടെ പോഡിയം, കമ്പ്യുട്ടർ, മൈക്ക്, ഫർണീച്ചർ എന്നിവയടക്കം തല്ലിത്തകർത്തു. 2.20 ലക്ഷം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. പ്രസംഗത്തിനോ വോട്ടിങ്ങിനോ സാമാജികർക്ക് നിയമ സഭയിൽ ലഭിക്കുന്ന നിയമപരിരക്ഷ ക്രിമിനൽ പ്രവർത്തനം നടത്തിയാൽ ലഭിക്കില്ലെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിട്ടുണ്ട്.
എം.എൽ.എ മാർ പൊതുമുതൽ തല്ലിത്തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടക്കം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് പിൻവലിക്കണം എന്ന ആവശ്യം കീഴ്ക്കോടതിയും ഹൈക്കോടതിയും തള്ളിക്കളഞ്ഞതാണ്.
വിചാരണ കൂടാതെ കേസ് പിൻവലിച്ചു പ്രതികളെ കുറ്റവിമുക്തരാക്കാനുള്ള സർക്കാർ നടപടിക്കെതിരെയാണ് നീങ്ങുന്നത്. പാർലമെൻ്ററി ചരിത്രത്തിൽ ഇത്രയേറെ കളങ്കമുണ്ടാക്കിയ കേസിൽ നിയമ സഭയുടെ പരിരക്ഷ വേണം എന്ന വാദം അംഗീകരിച്ചാൽ നാട് ഗുരുതര പ്രത്യാഘാതമാണ് നേരിടേണ്ടി വരിക. നിയമ സഭയിൽ അംഗങ്ങൾ പോരടിക്കുകയും വെട്ടിനുറുക്കുകയും ചെയ്താൽ ഈ പരിരക്ഷ നൽകാൻ കഴിയുമോ?
നിയമസഭാ സാമാജികർ ഉൾപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളിൽ നിയമനടപടികൾക്ക് സ്പീക്കറുടെ അനുമതി വേണം എന്ന വാദവും അപകടകരമാണ്. അങ്ങനെ സംഭവിച്ചാൽ സ്പീക്കർ അംഗീകാരം കൊടുക്കാത്തടുത്തോളം കാലം ഏതു ഹീനകൃത്യത്തിൽ ഉൾപ്പെട്ട എംഎൽഎ മാരേയും അറസ്റ്റ് ചെയ്യാൻ വയ്യാത്ത വിശേഷമല്ലേ സൃഷ്ടിക്കുക?
കേസ് പിൻവലിക്കാൻ ഹർജി കൊടുക്കാൻ അധികാരപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ, ഹർജി തള്ളിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാരിന് എന്താണ് അധികാരം? ഈ കേസിൽ വിചാരണയാണ് അടിയന്തരമായി ആരംഭിക്കേണ്ടത്. മറിച്ചു കേസ് പിൻവലിക്കണം എന്ന ആവശ്യവുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ നിയമപരമായി പ്രതിരോധിക്കാൻ ഞാൻ എന്നും മുന്നിലുണ്ടാകുമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു..