ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തില്‍ കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവൻ രക്ഷാ ഉപകരണങ്ങള്‍ കൈമാറി. സിംഗപ്പൂര്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറിയത്.
എമര്‍ജന്‍സി വെൻ്റിലേറ്റര്‍, ഓക്‌സിജന്‍ കോണ്‍സന്‍ഡ്രേറ്റര്‍ എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്ന ചടങ്ങിൽ നൽകിയത്. ടിഎന്‍ പ്രതാപന്‍ എംപി, മേയര്‍ എം കെ വര്‍ഗീസ് എന്നിവരിൽ നിന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന എന്നിവര്‍ ഏറ്റുവാങ്ങി.
റെഡ്‌ക്രോസ് ജില്ലാ ബ്രാഞ്ച് ചെയര്‍മാന്‍ അഡ്വ.എം എസ് അനില്‍കുമാര്‍ അധ്യക്ഷനായി. സ്റ്റേറ്റ് ചെയര്‍മാന്‍ രഞ്ചിത്ത് കാര്‍ത്തികേയന്‍, ജില്ലാ സെക്രട്ടറി ദേവസ്സി ചെമ്മണ്ണൂര്‍, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി പദ്മകുമാര്‍.ജി, ആരോഗ്യകേരളം ജില്ലാ പ്രോഗാം മാനേജര്‍ ഡോ. ടി വി സതീശന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി കെ അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ എന്‍ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.