വിസ്മയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുമെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

0

കൊല്ലത്തെ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ നിലവിലുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഐജി പറഞ്ഞു. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി.

വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇത് വിശദമായി പരിശോധിക്കും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ല. വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ ഉള്‍പ്പെടയുള്ളവരുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും ഐജി വ്യക്തമാക്കി.

വിസ്മയയുടെ വീട്ടിലെത്തി കിരണ്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ ഐജി വീട്ടുകാരുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും അറിയിച്ചു.